
കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരന് അതൃപ്തി. ചർച്ചകൾക്കായി ഡൽഹിയിലെത്തിയ കെ. സുധാകരൻ കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങി. പാർലമെന്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതെയാണ് അദ്ദേഹം മടങ്ങിയത്. സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതത്വവും എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന വിഷയവുമാണ് പാർട്ടിക്കുള്ളിൽ തർക്കത്തിന് കാരണമാകുന്നത്.
കണ്ണൂർ നിയമസഭ മണ്ഡലത്തിൽ മത്സരിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞിട്ടും നടക്കില്ലെന്നായതോടെയാണ് കെ സുധാകരന്റെ മടക്കം. ഇതിനു പിന്നാലെ കെ. സുധാകരൻ ഫേസ്ബുക്കിൽ വൈകാരിക കുറിപ്പും പങ്കുവെച്ചു. കണ്ണൂരുമായുള്ള തന്റെ ബന്ധം എണ്ണപ്പറഞ്ഞാണ് ഫേസ്ബുക് പോസ്റ്റ്. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയതാണ് വൈകാരിക കുറിപ്പ്.
കെ സുധാകരന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
‘കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.
ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.
കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ. സുധാകരൻ തലയുയർത്തി നില്ക്കും.
എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.’











